Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കന്യാസ്ത്രീകളെയും വിശ്വാസിനികളെയും ലൈംഗിക പീഡനത്തിന് ഇരകളാക്കുന്ന പുരോഹിതരെക്കുറിച്ചുള്ള വാര്‍ത്തകള്‍ ക്രൈസ്തവ സഭകള്‍ക്ക് നാണക്കേടാകുന്നതിനിടെയാണ് പിഞ്ചു ബാലികമാരെപ്പോലും വെറുതെവിടാത്ത വൈദികരുടെ ലൈംഗിക വിക്രിയകള്‍ പുറത്തുവരുന്നത്. ചേന്ദമംഗലം കോട്ടയില്‍ കോവിലകം ഹോളി ക്രോസ് പള്ളി വികാരി ഫാ. ജോര്‍ജ് പടയാട്ടില്‍ ആണ് ഈ നിരയിലെ ഏറ്റവും പുതിയ വേട്ടക്കാരന്‍!
പള്ളിക്കു കീഴിലെ സ്‌കൂളില്‍ നാലാം ക്‌ളാസില്‍ പഠിക്കുന്ന ബാലികയെ യൂണിഫോം ശരിയായി ധരിപ്പിക്കാനെന്ന പേരില്‍ പള്ളിയില്‍ വച്ച് വികാരി ഉടുപ്പ് ഊരിമാറ്റി പീഡിപ്പിച്ചുവെന്നാണ് പരാതി. ഭൂമി വിവാദത്തില്‍ കുരുക്കിലായ എറണാകുളം- അങ്കമാലി അതിരൂപതയ്ക്കു കീഴിലാണ് ചേന്ദമംഗലം ഹോളി ക്രോസ് പള്ളി. പോക്‌സോ കേസ് ചുമത്തപ്പെട്ട ഫാ. ജോര്‍ജ് പടയാട്ടിലിനെ വൈദിക വൃത്തിയില്‍ നിന്നും സ്‌കൂള്‍ മാനേജര്‍ സ്ഥാനത്തു നിന്നും സസ്‌പെന്‍ഡ് ചെയ്തതായാണ് അതിരൂപതയുടെ അറിയിപ്പ്.
ലോകമെങ്ങും വിവിധ ക്രൈസ്തവ സഭകളെ സമ്മര്‍ദ്ദത്തിലാക്കുന്ന വിധം പുരോഹിതരുടെ ഈ ലൈംഗിക വൈകൃതം വര്‍ദ്ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ കന്‍സാസ് സ്‌റ്റേറ്റിലെ വിചിത രൂപതയ്ക്കു കീഴിലെ പതിനഞ്ചു വൈദികര്‍ക്ക് എതിരെ ഉയര്‍ന്ന ബാല ലൈംഗികതാ ആരോപണം കത്തോലിക്കാ സഭ സ്ഥിരീകരിച്ചത് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ്. പല കേസുകളിലെയും ഇരകള്‍ക്ക് പത്തു വയസു പോലും പ്രായമില്ല. പീഡനങ്ങളെല്ലാം നടന്നത് പള്ളിയില്‍ വച്ചോ പുരോഹിതരുടെ മേടയില്‍ വച്ചോ ആണു താനും.
വൈദികരുടെ ലൈംഗികക്രിയകളെ മതവിശ്വാസമനുസരിച്ചുള്ള പാപം ആയി കരുതിയാല്‍ മതിയോ, അതോ ഗുരുതരമായ വ്യക്തിവൈകല്യമായി പരിഗണിക്കണോ എന്ന പ്രതിസന്ധിയിലാണ് സഭാ നേതൃത്വങ്ങള്‍. പല കേസുകളിലും വൈദികരെ അവര്‍ വഹിക്കുന്ന സ്ഥാനങ്ങളില്‍ നിന്ന് നീക്കംചെയ്യുകയോ സ്ഥലം മാറ്റുകയോ ചെയ്യുന്നതില്‍ നടപടി ഒതുങ്ങും.
രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളില്‍, പ്രതികളായ വൈദികരെ രക്ഷിക്കാന്‍ സഭ തന്നെ മുന്നിട്ടിറങ്ങുകയും ചെയ്യും. പക്ഷേ, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതോടെ വിശ്വാസികള്‍ക്കിടയില്‍ വൈദികര്‍ക്കും സഭാനേതൃത്വങ്ങള്‍ക്കുമുള്ള വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ എന്ത് അനന്തര നടപടികള്‍ സ്വീകരിക്കണമെന്ന കാര്യത്തിലാണ് ആശയക്കുഴപ്പം.
വൈദികന് വിശ്വാസികള്‍ക്കിടയിലുള്ള ബഹുമാനവും സ്ഥാനവും വ്യക്ത്യധിഷ്ഠിതമല്ല. അത് മതബന്ധിതമാണ്. ഇതിനെയാണ് വൈദികര്‍ ചൂഷണം ചെയ്യുകയും, പദവികളെ ലൈംഗികാസക്തി തീര്‍ക്കാനുള്ള രഹസ്യവഴിയായി ഉപയോഗിക്കുകയും ചെയ്യുന്നത്. ഒരേസമയം ക്രൈസ്തവ വിശ്വാസത്തോടും സഭയോടുമുള്ള ഈ വഞ്ചനയ്ക്ക്, വൈദികന്‍ പൊതുസമൂഹത്തിന്റെ ഭാഗമാണെന്ന നിലയിലാണ് സാമൂഹികഗൗരവം കൈവരുന്നത്. അതുകൊണ്ടുതന്നെ ആരോപണ വിധേയരാകുന്നവരെ കുറ്റം തെളിയുന്ന നിമിഷം സഭയ്ക്ക് പുറത്താക്കുകയും, കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികളില്‍ സഭ ഇടപെടാതിരിക്കുകയും വേണമെന്ന നിലപാടാണ് വിശ്വാസികളില്‍ രൂഢമൂലമാകുന്നത്.
കേരളത്തില്‍ വിവിധ ക്രൈസ്തവ സഭകള്‍ക്കു കീഴിലെ പള്ളികളില്‍ ഞായറാഴ്ച കുര്‍ബാനയ്ക്ക് എത്തുന്ന സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും എണ്ണത്തില്‍ നാല്പതു ശതമാനത്തോളം കുറവു വന്നിട്ടുണ്ടെന്നാണ് സഭാ നേതൃത്വങ്ങള്‍ തന്നെ രഹസ്യമായി പറയുന്നത്. പുരോഹിതര്‍ക്ക് എതിരെ വര്‍ദ്ധിച്ചുവരുന്ന ലൈംഗിക കേസുകള്‍ കാരണമുള്ള മതപരമായ അഭിമാനക്ഷതമാണ് ഇതിനു പിന്നില്‍. ഇതില്‍ നിന്ന് സഭയെയും പള്ളികളെയും എങ്ങനെ രക്ഷപ്പെടുത്താമെന്നാണ് നേതൃത്വങ്ങളുടെ ആലോചന.
വിശ്വാസികള്‍ക്കും പൊതുസമൂഹത്തിനും ക്രൈസ്തവ സഭയോടുള്ള മനോഭാവം മാറുന്നത് സമീപഭാവിയില്‍ സഭാ സ്ഥാപനങ്ങളെയാണ് ബാധിക്കുകയെന്ന തിരിച്ചറിവാണ് മറ്റൊരു ആശങ്ക. ചികിത്സാരംഗവും വിദ്യാഭ്യാസ മേഖലയുമാണ് ലോകത്തെവിടെയും ക്രൈസ്തവ സഭകളുടെ മുഖ്യ വരുമാന മാര്‍ഗങ്ങള്‍. വൈദികര്‍ക്കെതിരെയുള്ള ലൈംഗികാരോപണങ്ങള്‍ ഭാവിയില്‍ ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനു തന്നെ തടസ്സങ്ങളുണ്ടാക്കിയേക്കാം. പള്ളികള്‍ക്കു കീഴിലെ സ്‌കൂളുകളില്‍ പെണ്‍കുട്ടികളെ പഠനത്തിന് അയയ്ക്കുന്നത് സുരക്ഷിതമല്ലെന്ന തോന്നല്‍ വ്യാപകമായാല്‍ അതിനെ പ്രതിരോധിക്കാന്‍ മാര്‍ഗമുണ്ടാകില്ല. ഇത്തരം പ്രതിസന്ധികള്‍ എങ്ങനെ തരണം ചെയ്യാനാകുമെന്ന ചിന്തയിലാണ് എല്ലാ സഭകളും.