Your Comment Added Successfully!

വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ് വേർഡ് ഉപയോഗിച്ച് വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്നു 2 കോടി രൂപ തട്ടിയ കേസിൽ സീനിയർ അക്കൗണ്ടന്റ് എം.ആർ. ബിജുലാലിനെ തിരുവനന്തപുരത്തു നിന്ന് പൊലീസ് അറസ്റ്റു ചെയ്തു. അഭിഭാഷകന്റെ വീട്ടിൽ വെച്ച് രാവിലെ ചാനലുമായി അഭിമുഖം നടത്തിയിരുന്നു. ഇതിനു ശേഷം അഭിഭാഷകനുമൊത്ത് കീഴടങ്ങാൻ കോടതിയിലേയ്ക്കു പോകാനൊരുങ്ങുമ്പോഴാണ് പൊലീസ് അറസ്റ്റു ചെയ്തത്.
കേസെടുത്ത് നാലാം ദിനമാണ് ബിജുലാലിനെ പിടികൂടിയത്. ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക പൊലീസ് സംഘത്തിനാണ് അന്വേഷണ ചുമതല. കേരള തമിഴ്നാട് അതിർത്തിയിലെ ബന്ധു വീട്ടിലേക്ക് കടന്നതായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
അതേസമയം, ബിജുലാലിന് ചീട്ടുകളിച്ച് ലക്ഷങ്ങളുടെ ബാധ്യതയുണ്ടെന്നും പ്രത്യേക സംഘത്തിന് തെളിവ് ലഭിച്ചു. കടംപെരുകിയതോടെയാണ് ട്രഷറിയിൽ നിന്ന് തട്ടിപ്പ് തുടങ്ങിയത്. ഏപ്രിൽ മാസം എട്ടിന് വഞ്ചിയൂർ ട്രഷറിയിലുണ്ടായ 60,000 രൂപ തട്ടിയെടുത്തതിന് പിന്നിലും ബിജുലാലാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
മേയ് 31ന് വിരമിച്ച ട്രഷറി ജീവനക്കാരന്റെ പാസ്വേഡ് ഉപയോഗിച്ചാണ് ബിജുലാൽ 2 കോടി രൂപ തട്ടിയത്. ഇതിൽ 61 ലക്ഷം രൂപ രണ്ട് ട്രഷറി അക്കൗണ്ടുകളിൽ നിന്നു കുടുംബാംഗങ്ങളുടെ അഞ്ച് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയെന്നുമാണ് പൊലീസ് കേസ്. തട്ടിപ്പു പുറത്തായതോടെ ശനിയാഴ്ച വൈകിട്ടു വീട്ടിൽ ഫോൺ ഉപേക്ഷിച്ചു സ്ഥലംവിട്ട ബിജുലാൽ, പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്നലെ ജാമ്യാപേക്ഷ നൽകിയിരുന്നു.