Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ 1991 മുതൽ നവംബർ പതിനാലാം തീയതി ലോകമെമ്പാടും പ്രമേഹരോഗ ദിനമായി ആചരിക്കുകയാണ് . ഈ വർഷത്തെ പ്രതിപാദ്യ വിഷയം 'എല്ലാ പ്രമേഹരോഗികൾക്കും ചികിത്സയും സുരക്ഷയും സുഗമമാക്കുക' എന്നതാണ്.
2021 ൽ പ്രമേഹ ദിനം ആചരിക്കുമ്പോൾ നിരവധി സവിശേഷതകളുണ്ട് .കൊവിഡ് മഹാമാരി നമ്മളെ പല പാഠങ്ങളും പഠിപ്പിച്ച് കഴിഞ്ഞു. 80 ശതമാനത്തിലേറെ മരണങ്ങളും സംഭവിച്ചത് പ്രമേഹരോഗികളിലാണ്. പ്രമേഹം കൊവിഡ് വരുന്ന വേളയിൽ അനിയന്ത്രിതമായി തുടരുമ്പോഴാണ്, കൊവിഡിന്റെ തീവ്രതയും മരണ സാധ്യതയും വർധിക്കുന്നത്. രോഗികൾ അൽപ്പം കൂടെ ശ്രദ്ധിക്കണം എന്നതിന്റെ സൂചനയാണിത്, കാരണം പ്രമേഹ രോഗ ചികിത്സ സ്വീകരിക്കുന്നവരാണെങ്കിൽ പോലും അവരിൽ 50 മുതൽ 95 ശതമാനം വരെ ആൾക്കാരിൽ രോഗം നിയന്ത്രണ വിധേയമല്ലാതെയാണ് തുടരുന്നത്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോർമോൺ ആണ് ഇൻസുലിൻ. പാൻക്രിയാസ് ഗ്രന്ഥിയാണ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത്. ഗ്രന്ഥി ശരീരത്തിനാവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാതിരിക്കുകയോ അല്ലെങ്കിൽ ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ശരീരത്തിന് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരുകയോ ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം എന്ന് വിളിക്കുന്നത്. ലളിതമായി പറഞ്ഞാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയിരിക്കുന്ന അവസ്ഥയാണ് പ്രമേഹം.
ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ പ്രമേഹബാധിതർ ഉള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.
ഇതിൽത്തന്നെ പ്രമേഹബാധിതരിൽ ഏറെയും സ്ത്രീകളാണ് എന്നതാണ് വാസ്തവം. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഗർഭകാലത്തെ പ്രമേഹമാണ് ഏറ്റവും വലിയ ഭീഷണി. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ തുടർന്നും പ്രമേഹം ഉണ്ടാവുമെന്ന് മാത്രമല്ല കുഞ്ഞുങ്ങൾക്കും പ്രമേഹമുണ്ടാകുവാനുള്ള സാധ്യതയും കുറവല്ല.നമ്മുടെ ജീവിതശൈലി തന്നെയാണ് പ്രമേഹത്തെ വിളിച്ചുവരുത്തുന്ന പ്രധാനഘടകം. രോഗികളുടെ എണ്ണം കൂടാനുള്ള കാരണവും ഇതുതന്നെ. കൊഴുപ്പു കൂടിയ ഭക്ഷണം, ശീതള പാനീയങ്ങൾ, ഫാസ്റ്റ്ഫുഡ്, മധുര പലഹാരങ്ങൾ, ഇവ ഒഴിവാക്കാൻ ആരും തയ്യാറല്ല. കൂടാതെ വ്യായാമാക്കുറവ്, ശാരീരിക ആരോഗ്യക്കുറവ്, മാനസിക പിരിമുറുക്കം എന്നിങ്ങനെ നീണ്ടു പോകുന്നു പ്രമേഹസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങൾ. നാം കഴിക്കുന്ന ഭക്ഷണവും ശരീരാധ്വാനവും തമ്മിലുള്ള അനുപാതം നിലനിർത്താൻ സാധിച്ചാൽ പ്രമേഹത്തിൻറെ പിടിയിൽനിന്നും ഒരു പരിധിവരെ രക്ഷപെടാൻ സാധിക്കും.
പ്രമേഹ രോഗ ചികിത്സയിൽ രോഗികൾ സ്വയം രോഗത്തെ തിരിച്ചറിയുകയും ഏതൊക്കെ വിധത്തിലാണ് രക്തപരിശോധന നടത്തുവാൻ കഴിയുന്നത്, ഏതൊക്കെ വിധത്തിലാണ് ഗ്ലുക്കോസ് തുടർച്ചയായി നിരീക്ഷണം ചെയ്യുവാൻ കഴിയുന്നത്, നമുക്ക് ഏതൊക്കെ വിധത്തിലുള്ള ഔഷധങ്ങളാണ് നമ്മുടെ പ്രമേഹത്തിന്റെ പ്രത്യേകതകൾക്ക് അനുസൃതമായി വേണ്ടത് എന്നതൊക്കെ അറിഞ്ഞിരിക്കണം.
കേരളത്തിലെന്തു കൊണ്ടാണ് ഭാരതത്തിലെ, ഏറ്റവും കൂടുതൽ പ്രമേഹ രോഗികളും, അതോടൊപ്പം ഏറ്റവും കൂടുതൽ പ്രമേഹ അനുബന്ധ രോഗങ്ങളും ഉള്ളത്?
ഏറ്റവും കൂടുതൽ ഹൃദ്രോഗങ്ങൾ, ഏറ്റവും കൂടുതൽ വൃക്കരോഗങ്ങൾ, പാദവൃണങ്ങൾ, കാരണം വളരെ ലളിതമായി പറഞ്ഞാൽ 100 ശതമാനം സാക്ഷരത നമുക്കുണ്ടെങ്കിൽ പോലും പരീക്ഷണങ്ങളിലൂടെ തെളിയിക്കാത്ത അശാസ്ത്രീയമായ ചികിത്സ രീതികൾ തേടുന്ന രോഗികളുടെ എണ്ണം വളരെ കൂടുതലാണ്.
പ്രമേഹത്തിന് ഏറ്റവും ഫലപ്രദമായ ഔഷധമെന്ന് നാം കരുതുന്ന ഇൻസുലിൻ കണ്ടെത്തിയിട്ട് ഈ വർഷം 100 വർഷങ്ങൾ തികയുകയാണ്. ഇൻസുലിൻ കണ്ടെത്തിയ പ്രധാന ശാസ്ത്രജ്ഞന്മാരിൽ ഒരാളായ ഡോ. ഫ്രഡറിക് ബാൻഡിങ്ങിന്റെ ജന്മദിനമാണ് നമ്മൾ ലോകമെമ്പാടും നവംബർ 14 പ്രമേഹദിനമായി ആചരിക്കുന്നത്.
ഈ വർഷത്തെ പ്രമേഹദിന സന്ദേശം 'Access To Diabetes Care' എന്നാണ്. അതായത് 'എല്ലാവർക്കും പ്രമേഹ പരിരക്ഷ... ഇപ്പോഴല്ലെങ്കിൽ ഇനി എന്ന്'; അതെ, 100 വർഷങ്ങൾക്ക് ശേഷവും പ്രമേഹം നന്നായി ചികിത്സിക്കാൻ കഴിഞ്ഞില്ലായെങ്കിൽ ഇനി എപ്പോൾ? ഇനി എങ്ങനെ?. ഒന്നോർക്കുക പ്രമേഹ രോഗത്തിന് ശാസ്ത്രീയമായി തെളിയിച്ചു കഴിഞ്ഞ ഏറ്റവും സുരക്ഷിതമായ ഔഷധങ്ങളാണ് നമ്മൾ സ്വീകരിക്കേണ്ടത്.
രോഗ ചികത്സയിൽ ചിലവ് 5 മുതൽ 10 മടങ്ങ് വർധിക്കുന്നത് മറ്റ് അവയവങ്ങൾക്ക് അസുഖങ്ങൾ വന്ന് അവശരായി കഴിയുമ്പോഴാണ് അത് തടയുന്നതിനു വേണ്ട ശക്തമായ മാർഗങ്ങൾ സ്വീകരിക്കുകയാണ് വേണ്ടത്. ഏറ്റവും ഫലപ്രദമായ, സുരക്ഷിതമായ ചികിത്സ, നിത്യേനെ വ്യായാമം, ഡയറ്റീഷ്യൻ നിർദ്ദേശിക്കുന്ന വിധത്തിലുള്ള ഭക്ഷണക്രമം, നല്ല ഉറക്കം- ഇതാവണം ഇനി രീതികൾ ..