Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:28 am
  • 25th September, 2022
  • Overcast Clouds
28.82°C28.82°C
  • Humidity: 67 %
  • Wind: 1.93 km/h

Breaking News

  • രാജ്യത്ത് ഫൈവ് ജി സേവനം ഒക്ടോബർ ഒന്നുമുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ. ഒക്ടോബർ ഒന്നിന് ദില്ലിയില്‍ നടക്കുന്ന ഇന്ത്യാ മൊബൈല്‍ കോൺഗ്രസിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫൈവ് സേവനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുക. 
  • ഹർത്താലിൽ കെ.എസ്.ആർ.ടി.സിക്കുണ്ടായ നഷ്ടം അക്രമികളിൽ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി. ബസുകൾ നന്നാക്കാനുള്ള ചിലവുകൾക്ക് പുറമെ സർവീസ് മുടങ്ങിയതിനെത്തുടർന്നുണ്ടായ വരുമാന നഷ്ടവും അക്രമികളിൽ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
i2i News Trivandrum

എലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസ്സായിരുന്നു. സ്‌കോട്‌ലന്റിലെ ബാൽമോറൽ കാസിലിലാണ് അന്ത്യം. എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനില മോശമായെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. രാജ്ഞിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ടെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ബക്കിങ്ങാം കൊട്ടാര വൃത്തങ്ങൾ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്ഞി അന്തരിച്ചുവെന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്.

ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡോക്ടർമാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി. കിരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ പ്രിൻസസ് ആനിയും ബാൽമോറൽ കാസിലിൽ രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു. കിരീടധാരണത്തിൻറെ എഴുപതാം വർഷത്തിലാണ് രാജ്ഞി അന്തരിച്ചിരിക്കുന്നത്. പിതാവ് കിങ് ജോർജ് ആറാമന്റെ മരണത്തെ തുടർന്ന് 1952 ഫെബ്രുവരി ആറിനാണ് എലിസബത്ത്അധികാരത്തിലെത്തുന്നത്. അന്ന് 25 വയസ്സായിരുന്നു അവർക്ക് പ്രായം. എന്നാൽ ഒരു കൊല്ലത്തിനിപ്പുറം 1953 ജൂൺ രണ്ടിനാണ് എലിസബത്തിന്റെ കിരീടധാരണം നടക്കുന്നത്. 1977, 2002, 2012 വർഷങ്ങളിൽ എലിസബത്തിന്റെ കിരീടധാരണത്തിന്റെ രജതം, സുവർണം, വജ്രം, പ്ലാറ്റിനം ജൂബിലികൾ യഥാക്രമം ആഘോഷിച്ചിരുന്നു.

എലിസബത്തിൻറെ വിദ്യാഭ്യാസം രാജ്യത്തെ മികച്ച അധ്യാപകരുടെ കീഴിലായിരുന്നു. 1947ൽ ആണ് ബന്ധുവായ ഫിലിപ്പ് മൗണ്ട്ബാറ്റനുമായി വിവാഹനിശ്ചയം നടന്നത്. മക്കളായ ചാൾസും ആനും ജനിച്ചശേഷമാണ് എലിസബത്ത ബ്രിട്ടന്റെ രാജ്ഞിയാകുന്നത്. അന്നത് സൂര്യനസ്തമിക്കാത്ത രാജ്യമായിരുന്നു. കോമൺവെൽത്ത് രാജ്യങ്ങളെല്ലാം സന്ദർശിച്ചു എലിസബത്ത്. അയർലന്റ് സന്ദർശിച്ച ആദ്യത്തെ ബ്രിട്ടിഷ് ഭരണാധികാരിയും എലിസബത്തായിരുന്നു. അതേസമയം രാജഭരണത്തിന്റെമാറുന്ന മുഖം അംഗീകരിക്കാനും അവർ മടികാണിച്ചില്ല.

ആധുനികവൽകരണത്തോടും എലിസബത്ത് രാജ്ഞി മുഖംതിരിച്ചുമില്ല. രാജ്ഞിയെ ഏറ്റവും പിടിച്ചുലച്ച ചുരുക്കം സംഭവങ്ങളിലൊന്ന് രണ്ട് മക്കളുടെ വിവാഹ മോചനമായിരുന്നു. ചാൾസിന്റെയും ഡയാനയുടെയും വിവാഹമോചനമാണ് പിന്നീട് ലോകം ശ്രദ്ധിച്ചത്. അതിന്റെ കാരണങ്ങളും. ഡയാനയുടെ മരണം കൊട്ടാരത്തെ മാത്രമല്ല, ലോകത്തെയും ഞെട്ടിച്ചു. മരണത്തിൽ ദുരൂഹത ആരോപിക്കപ്പെട്ടു. കൊട്ടാരത്തിനുനേർക്ക് സംശയത്തിന്റെ മുനകൾ നീണ്ടു. പക്ഷേ അപ്പോഴും പരസ്യമായ വികാരപ്രകടനങ്ങളിൽ നിന്ന് അകലം പാലിച്ചു എലിസബത്ത്. ഒരു ഭരണാധികാരി അങ്ങനെയാവണം എന്നായിരുന്നു അവരുടെ വിശ്വാസ പ്രമാണം.

അതിനുശേഷമായിരുന്നു ഹാരിയുടേയും മേഗന്റേയും അഭിമുഖവും അതിലെ വെളിപ്പെടുത്തലുകളും. 2017 നുശേഷം രാജ്ഞിയും ഫിലിപ്പും പൊതുചടങ്ങുകളുടെ എണ്ണം കുറച്ചുതുടങ്ങിയിരുന്നു. 2021 ലാണ് ഫിലിപ്പ് രാജകുമാരൻ മരിക്കുന്നത്. ഫിലിപ്പായിരുന്നു തന്റെ ശക്തിയെന്ന് അന്ന് എലിസബത്ത് പറഞ്ഞിരുന്നു. ബ്രിട്ടിഷ് ജനത എന്നും എലിസബത്തിനെ കണ്ടത് ഒരു കൊടുങ്കാറ്റിലും കുലുങ്ങാത്ത, തങ്ങളെ സംരക്ഷിക്കുന്ന ശക്തിദുർഗമായാണ്. രാജപദവി വെറും ആലങ്കാരികമായിട്ടും സർക്കാർ കാര്യങ്ങളിൽ എലിസബത്ത് താൽപര്യം കാണിച്ചു. ലോകത്തെ ഏറ്റവും സമ്പന്നരിൽ ഒരാൾ ആയിരുന്നു എലിസബത്ത് രാജ്ഞി. സാന്പത്തിക പ്രതിസന്ധികാലത്ത്, കൊട്ടാരവും നികുതി കൊടുക്കാൻ തയ്യാറായി.

നിരവധി ചരിത്രസംഭവങ്ങൾക്ക് എലിസബത്തിന്റെ ഭരണകാലയളവ് സാക്ഷ്യംവഹിച്ചിരുന്നു. 1960-70 കാലയളവിൽ ആഫ്രിക്കയും കരീബിയൻ രാജ്യങ്ങളും കോളനിവാഴ്ചയിൽനിന്ന് മോചിതമായതാണ് ഇതിൽ പ്രധാനം. ഇക്കാലയളവിൽ ഏകദേശം 20 രാജ്യങ്ങളാണ് ബ്രിട്ടണിൽനിന്ന് സ്വാതന്ത്ര്യം നേടിയത്. കോളനികൾ സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ ബ്രിട്ടീഷ് സാമ്രാജ്യം തകരുകയും ഒരു രാജ്യമായി പരിവർത്തനം ചെയ്യപ്പെടുകയും ചെയ്തു. തുടർന്ന് 1973-ൽ എഡ്വാർഡ് ഹീത്ത് പ്രധാനമന്ത്രിയായിരിക്കെയാണ് ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ അംഗത്വം നേടുന്നത്.

രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളിൽനിന്ന് ബ്രിട്ടൺ പുറത്തുവന്നുകൊണ്ടിരുന്ന കാലത്താണ് എലിസബത്ത് അധികാരത്തിലേറുന്നത്. സാമ്പത്തികവും സാമൂഹികവുമായ നിരവധി പ്രശ്‌നങ്ങൾ അന്ന് ബ്രിട്ടൻ നേരിട്ടിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് എലിസബത്ത് സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

വിൻസ്റ്റൺ ചർച്ചിൽ ആയിരുന്നു എലിസബത്തിന്റെ ഭരണകാലയളവിലെ ആദ്യ ബ്രിട്ടൺ പ്രധാനമന്ത്രി. അന്ന് ജോസഫ് സ്റ്റാലിൻ ആയിരുന്നു സോവിയറ്റ് യൂണിയന്റെ തലപ്പത്ത്. 1979-ൽ മാർഗരറ്റ് താച്ചർ ബ്രിട്ടന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി അധികാരമേറ്റതും എലിസബത്തിന്റെ കാലത്താണ്. എലിസബത്തിന്റെ മകൻ ചാൾസിന്റെ ഭാര്യയായിരുന്ന ഡയാന രാജകുമാരി കാർ അപകടത്തിൽ മരിച്ചത് 1997-ലാണ്. അന്ന് ഡയാനയുടെ സംസ്‌കാരച്ചടങ്ങിന് തലേന്ന് എലിസബത്ത്, അനുസ്മരണ പ്രഭാഷണം നടത്തിയിരുന്നു.

രാജ്ഞിയുടെ അന്ത്യത്തോടെ അവരുടെ മൂത്ത മകൻ ചാൾസാകും ബ്രിട്ടനിലെ രാജാവ്. തന്റെ കാലശേഷം മകൻ ചാൾസ് രാജകുമാരൻ ബ്രിട്ടനിലെ രാജാവാകുമ്പോൾ, അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ കാമിലയെ രാജ്ഞിയെന്നു വിളിക്കാമെന്നു എലിസബത്ത് രാജ്ഞി നേരത്തെ പറഞ്ഞിരുന്നു. രാജ്ഞിയുടെ ഏഴുപതാം ഭരണവാർഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് ചാൾസിന്റെ രണ്ടാം ഭാര്യയായ കാമിലയ്ക്ക് ‘ക്വീൻ കൊൻസൊറ്റ്’ (രാജപത്‌നി) പദവി മുൻകൂട്ടി സമ്മാനിച്ചത്.

രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ കഴിഞ്ഞ വർഷം ഏപ്രിലിൽ 99ാം വയസ്സിലാണ് അന്തരിച്ചത്. മക്കൾ: ചാൾസ്, ആൻ, ആൻഡ്രൂ, എഡ്വേഡ്.

Readers Comment

Add a Comment